Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>കുടുംബം

നിങ്ങള്‍
പിടിവാശിക്കാരനായ രക്ഷിതാവാണോ?

 

# ഡോ. യഹ്‌യ ഉസ്മാന്‍്

 
 



കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള ഒരു കൗണ്‍സലിംഗ് സെഷന്‍. 'നിന്റെ ജീവിതം നിന്റെ തീരുമാനമാണ്' എന്നായിരുന്നു സെഷന് പേരിട്ടത്. ക്ലാസ് ഇടവേളക്ക് പിരിഞ്ഞു. വിശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു കൗമാരക്കാരി വന്ന് എനിക്കല്‍പം സംസാരിക്കാനുണ്ട്, ബുദ്ധിമുട്ടാകുമോ എന്ന് ചോദിച്ചു. എനിക്ക് സമ്മതമാണ് എന്നറിഞ്ഞപ്പോള്‍ അവള്‍ പെട്ടെന്ന് ഒരു ചോദ്യം എന്റെ മുമ്പിലേക്കിട്ടു: പരാജയത്തെ എങ്ങനെയാണ് മറികടക്കാനാവുക? ആ ചോദ്യം എന്നെ ശരിക്കും പിടിച്ചുകുലുക്കുക തന്നെ ചെയ്തു. ഇതേ പ്രായക്കാരിയായ എന്റെ മകളും താന്‍ തോറ്റുപോയവളാണ് എന്നാണല്ലോ സ്വയം വിലയിരുത്തുന്നത്. എന്റെ പിടിവാശിയായിരുന്നല്ലോ അവളുടെ ജീവിതം തകര്‍ത്ത് കളഞ്ഞത്. അതിന്റെ തനിയാവര്‍ത്തനം തന്നെയാകുമോ ഇതും?
''നിന്റെ തോല്‍വിയോ?'' ഒരു പിതാവിന്റെ വാത്സല്യത്തോടെ ഞാന്‍ അന്വേഷിച്ചു. അവളോട് ഇരിക്കാന്‍ പറഞ്ഞു. അവള്‍ തലകുനിച്ചങ്ങനെ ഇരിക്കുകയാണ്.
''നീ നമസ്‌കരിക്കാറില്ലേ?'' ഞാന്‍ ചോദിച്ചു.
''അല്‍ഹംദുലില്ലാഹ്, ഉണ്ട്. കൃത്യമായി തന്നെ.''
''സുബ്ഹിയും?''
''പ്രായപൂര്‍ത്തിയായതു മുതല്‍ക്ക് ഒരു സുബ്ഹിയും വിട്ടുപോയിട്ടില്ല. സാധാരണ കുടുംബത്തെ ഉണര്‍ത്തുന്നതും ഞാനാണ്. അവിടെ ഏറ്റവും വലിയവള്‍ ഞാനാണല്ലോ.''
''സുന്നത്ത് നമസ്‌കാരങ്ങള്‍?''
''അതും കൃത്യമായി തന്നെ.''
പിന്നെയിവള്‍ തോറ്റ് പോകുന്നത് എവിടെയാകാം? ഞാന്‍ മറ്റൊരു വിഷയത്തിലേക്ക് സംഭാഷണം തിരിച്ചുവിട്ടു.
''മാതാപിതാക്കളുമായി ബന്ധം എങ്ങനെ?''
''വളരെ നല്ല നിലയില്‍ പോകുന്നു.''
''സഹോദരങ്ങളുമായോ?''
''ഞാന്‍ നേരത്തെ പറഞ്ഞല്ലോ, ഞാനാണ് വീട്ടിലെ മൂത്തവള്‍. അനുജത്തിയും ഞാനുമായി ഒരു വയസ്സിന്റെ വ്യത്യാസമേയുള്ളൂ. ഞങ്ങള്‍ തമ്മില്‍ പിണങ്ങാറുണ്ട്. അതിനേക്കാള്‍ വേഗത്തില്‍ ഇണങ്ങാറുമുണ്ട്. ഞങ്ങള്‍ പരസ്പരം മനസിലാക്കുന്ന നല്ല കൂട്ടുകാരികളാണ്. പിന്നെ കൊച്ചനുജന് ഏഴ് വയസ്സ് മാത്രമാണ് പ്രായം.''
വീട്ടുകാരുമായി നല്ല ബന്ധം. കൂട്ടുകാരികളുമായി മികച്ച സൗഹൃദം. ഹോബികളുണ്ട്. വായനയുണ്ട്. ''പിന്നെ എവിടെയാണ് പരാജയം?'' ഞാന്‍ ചോദിച്ചു. അവള്‍ തേങ്ങിക്കരയുന്നതാണ് പിന്നീട് കണ്ടത്. മനസ്സൊന്ന് തണുപ്പിക്കുന്നതിന് ഞാനവള്‍ക്ക് ഒരു ഗ്ലാസ് വെള്ളം നീട്ടി. ഒട്ടും പരിഭ്രമിക്കേണ്ടെന്ന് ആശ്വസിപ്പിച്ചു. എല്ലാം തുറന്ന് പറയാന്‍ പ്രേരിപ്പിച്ചു.
അവള്‍ പറഞ്ഞു തുടങ്ങി.
''പരീക്ഷയില്‍ ഞാന്‍ നേടിക്കൊണ്ടിരുന്ന മാര്‍ക്ക് 99%ത്തിന് അടുത്താണ്. എന്റെ പിതാവ് അക്കൗണ്ടന്റായാണ് ജോലി ചെയ്യുന്നത്. അദ്ദേഹത്തിന് ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. അത് നടന്നില്ല. ആ സ്ഥാനത്ത് എന്നെ ഡോക്ടറാക്കണമെന്നായി. ഞാന്‍ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ അങ്ങനെയൊരു സ്വപ്നവുമായാണ് അദ്ദേഹം കഴിയുന്നത്. കുടുംബക്കാരോടെല്ലാം എന്റെ വൈജ്ഞാനിക മികവിനെക്കുറിച്ച് മേനി പറയും, അഭിമാനം കൊള്ളും. ആ പ്രതീക്ഷയാണ് കഴിഞ്ഞ പരീക്ഷയില്‍ തകര്‍ന്നു വീണത്. ഞാന്‍ ആ പരീക്ഷക്ക് വേണ്ടി നന്നായി അധ്വാനിച്ചിരുന്നു. മാര്‍ക്ക് കുറഞ്ഞു പോകുമോ എന്ന് പേടിച്ച് നിരവധി രാത്രികള്‍ ഉറക്കമിളച്ചു. ലഭിക്കേണ്ട മാര്‍ക്കിനെക്കുറിച്ച് പിതാവ് ഇടക്കിടെ വന്ന് ഓര്‍മിപ്പിച്ചുകൊണ്ടിരിക്കും. റിസല്‍ട്ട് വന്നപ്പോള്‍ 92% മാര്‍ക്ക്! മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ കിട്ടാന്‍ ഈ മാര്‍ക്ക് പോര. പ്രതീക്ഷകള്‍ തകര്‍ന്നപ്പോള്‍ കോപാന്ധനായി അദ്ദേഹം അലറി: ''നീ തോറ്റവളാണ്. ഒട്ടും ഗുണം പിടിക്കില്ല. എല്ലാം നശിപ്പിച്ചു.''
കൗണ്‍സലിംഗ് സെഷന്‍ ഇടവേളക്ക് പിരിഞ്ഞപ്പോഴാണ് ഞങ്ങളുടെ ഈ സംസാരം നടക്കുന്നത്. അടുത്ത സെഷന്‍ ഇതെക്കുറിച്ച് തന്നെയാവാമെന്ന് വെച്ചു. ചോദ്യോത്തര സെഷനില്‍ തുറന്ന സംസാരം നടന്നു. കൗമാരക്കാരുടെ ഉള്ളിലുള്ള വിഷമങ്ങള്‍ മനസ്സിലാക്കാനായി. അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന സംസാരമായിരുന്നു പിന്നീട്. അതിന്റെ ഫലവും കണ്ടു. എന്നെ വന്നുകണ്ട് പരാതിപ്പെട്ട ആ പെണ്‍കുട്ടിയുടെ മനോഭാവം വളരെ മാറിപ്പോയിരുന്നു. താന്‍ തോറ്റവളാണ് എന്ന അപകര്‍ഷബോധം ഇപ്പോഴവളെ പിന്തുടരുന്നില്ല. എല്ലാ രംഗത്തും കഴിവും ആത്മാര്‍ഥതയും തെളിയിച്ച താന്‍ തോറ്റവളല്ലെന്നും പരീക്ഷയില്‍ മാത്രമല്ല, മറ്റു ജീവിത രംഗങ്ങളിലും ഡിസ്റ്റിംഗ്ഷനോടെ വിജയകിരീടം ചൂടി നില്‍ക്കുന്നവളാണെന്നും അവള്‍ക്ക് സ്വയം ബോധ്യമായി.
അവള്‍ എന്നോട് ഇത്ര കൂടി പറഞ്ഞു: ''എനിക്ക് എന്റെ പിതാവിനോട് ആദരവുണ്ട്, തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. അദ്ദേഹത്തെ ഞാന്‍ അനുസരിക്കേണ്ടവളുമാണ്. പക്ഷേ, എന്റെ ഭാവി എന്തായിരിക്കണം എന്ന് തീരുമാനിക്കുന്നത് ഞാനാണ്. എന്റെ അഭിരുചിയും ബുദ്ധിപരമായ കഴിവുകളും മറ്റും മുമ്പില്‍ വെച്ചേ അത്തരമൊരു തീരുമാനമെടുക്കാനാവൂ. ഇതിന് സഹായകമാവുന്ന വിധത്തിലാവണം പിതാവിന്റെ ഉപദേശനിര്‍ദേശങ്ങള്‍. പിതാവിനോടുള്ള എല്ലാ സ്‌നേഹവും ആദരവും നിലനിര്‍ത്തിക്കൊണ്ട് തന്നെ ഞാനിക്കാര്യം അദ്ദേഹത്തെ ധരിപ്പിക്കും. ആവശ്യമെങ്കില്‍ വല്യുപ്പയുടെയോ വല്യമ്മാവന്റെയോ സഹായം തേടാം. അവര്‍ സംസാരിച്ച് പിതാവിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തട്ടെ.''
ഇത് ഒറ്റപ്പെട്ട ഒരു പിതാവിന്റെ കഥയല്ല. ഒരുപാട് പിതാക്കന്മാരുണ്ട് ഈ സ്വഭാവക്കാരായി. തങ്ങള്‍ക്ക് സ്വയം സാക്ഷാത്കരിക്കാന്‍ കഴിയാതിരുന്ന ജീവിത സ്വപ്നങ്ങള്‍ മക്കളിലൂടെ സാക്ഷാല്‍കരിക്കാനാണ് അവരുടെ ശ്രമം. മക്കളുടെ സകല കാര്യങ്ങളും തീരുമാനിക്കുന്നതും അവരുടെ ഭാവിപരിപാടികള്‍ പ്ലാന്‍ ചെയ്യുന്നതുമെല്ലാം ഈ പിതാക്കന്മാരായിരിക്കും. കുട്ടികള്‍ക്ക് ഭാവിയെക്കുറിച്ച് വല്ല പിടിപാടുമുണ്ടോ എന്നൊരു ഭാവമായിരിക്കും അവര്‍ക്ക്. കുട്ടികള്‍ക്ക് എല്ലാം ഇവര്‍ തന്നെ ചെയ്തുകൊടുക്കുകയാണ്. കുട്ടികള്‍ക്ക് സ്വന്തമായി വ്യക്തിത്വമേ ഇല്ലെന്ന മട്ടില്‍. സന്താനങ്ങള്‍ അവര്‍ക്ക് ചെസ്‌ബോര്‍ഡിലെ കരുക്കള്‍ മാത്രം. ഇമാം അലി(റ)യുടെ ഒരു വാക്യം അവരെ ഓര്‍മിപ്പിക്കുകയാണ്: ''നിങ്ങളുടേതല്ലാത്ത ഒരു കാലത്തേക്ക് വേണ്ടി നിങ്ങള്‍ മക്കളെ വളര്‍ത്തുക.''
നേരത്തെ പറഞ്ഞത് പോലെയാണ് മക്കളെ വളര്‍ത്തുന്നതെങ്കില്‍ അവര്‍ക്ക് വ്യക്തിത്വവും തന്റേടവും നഷ്ടപ്പെടും. ഒരു പ്രശ്‌നത്തെയും ആര്‍ജവത്തോടെയും ചങ്കുറപ്പോടെയും നേരിടാനാവില്ല. കല്യാണമാലോചിക്കുമ്പോള്‍ ഇണയെ തെരഞ്ഞെടുക്കാന്‍ പോലും ഇത്തരക്കാര്‍ പിതാക്കന്മാരുടെ സഹായം തേടും. ദാമ്പത്യത്തിലെ പ്രശ്‌നങ്ങളിലും അവര്‍ക്ക് സ്വന്തമായ നിലപാടുണ്ടാവില്ല. പിതാവ് തന്നെ വേണം അവിടെയും സഹായത്തിന്. ദാമ്പത്യങ്ങള്‍ തകരാന്‍ ഈ വ്യക്തിത്വമില്ലായ്മ പലപ്പോഴും കാരണമാകുന്നു.
മറ്റൊരു പ്രശ്‌നം മൂല്യനിര്‍ണയത്തിലെ അപാകതയാണ്. കുട്ടികളുടെ സര്‍ട്ടിഫിക്കറ്റുകളും പ്രോഗ്രസ് കാര്‍ഡുകളും മാത്രം നോക്കിയാണ് പലപ്പോഴും രക്ഷിതാക്കള്‍ കുട്ടികളെ മൂല്യനിര്‍ണയം ചെയ്യുന്നത്. നല്ല മാര്‍ക്കുണ്ടോ, എങ്കില്‍ മിടുമിടുക്കന്‍! യഥാര്‍ഥത്തില്‍ പലതരം മാനദണ്ഡങ്ങള്‍ ഉപയോഗിച്ചാണ് ഒരു കുട്ടിയെ വിലയിരുത്തേണ്ടത്. അവന്റെ ധാര്‍മിക ജീവിതം, മതാനുഷ്ഠാനങ്ങളിലെ കൃത്യത, കുടുംബത്തിലെ പെരുമാറ്റം, അധ്യാപകരുമായും സ്ഥാപനവുമായുള്ള ബന്ധം, വായന, ഹോബികള്‍... ഇത്‌പോലുള്ള പല മാനദണ്ഡങ്ങളില്‍ ഒന്നാണ് പഠനത്തിലുള്ള മികവും മാര്‍ക്കും. മാസാന്തമുള്ള ഒരു പ്രോഗ്രസ് കാര്‍ഡ് വെച്ച് എങ്ങനെയാണ് നമുക്കൊരു കുട്ടിയെ അളക്കാനാവുക? ചിലപ്പോള്‍ കുട്ടിയുടെ പഠനനിലവാരം ശരാശരിയായിരിക്കും. അതേസമയം അവന് കലാകായിക രംഗങ്ങളിലോ സാമൂഹിക പ്രവര്‍ത്തനങ്ങളിലോ മികച്ച സംഭാവനകള്‍ നല്‍കാനുള്ള പ്രതിഭയും പ്രാപ്തിയും ഉണ്ടായിരിക്കും. ഏത് കുട്ടിയും ഏതെങ്കിലുമൊരു മേഖലയില്‍ പ്രതിഭാശാലിയായിരിക്കും. ആ മേഖല കണ്ടെത്തി വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക എന്നതാണ് രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഉത്തരവാദിത്തം.
മറ്റൊരു പ്രശ്‌നം ഗൃഹാന്തരീക്ഷത്തിലെ പിരിമുറുക്കമാണ്. കുട്ടികള്‍ നിരന്തരം മാനസിക സമ്മര്‍ദങ്ങളില്‍ ജീവിക്കേണ്ടി വരുന്നു. പരീക്ഷയിലെ പ്രകടനം തന്നെയാണ് ഇവിടെയും പ്രശ്‌നമായി വരുന്നത്. മാര്‍ക്കു കുറഞ്ഞുപോയാല്‍ പിന്നെ അധിക്ഷേപവും കുറ്റപ്പെടുത്തലുമാണ്. ഇത് കുട്ടികളുടെ മാനസിക സംതുലനത്തെ തകിടം മറിക്കും. ആക്ഷേപിക്കപ്പെടുമ്പോള്‍ ഒരു കുട്ടിക്ക് ഉണ്ടാവുന്നത്, തോല്‍വിയില്‍നിന്ന് പാഠമുള്‍ക്കൊണ്ട് വിജയത്തിലേക്ക് കുതിക്കണം എന്ന ക്രിയാത്മക ചിന്തയല്ല; ഒരുതരം കുറ്റബോധമാണ്. 92% മാര്‍ക്ക് നേടിയിട്ടും കുറ്റബോധത്താല്‍ തകര്‍ന്നു പോയ ഒരു കുട്ടിയെ നാമീ ലേഖനത്തില്‍ പരിചയപ്പെടുത്തിയിരുന്നല്ലോ.
ഇനി രക്ഷിതാക്കള്‍ ഇടപെട്ടില്ലെങ്കിലും ചിലപ്പോള്‍ കുട്ടികള്‍ക്ക് കുറ്റബോധം തോന്നും. അത്തരം സന്ദര്‍ഭങ്ങളില്‍ രക്ഷിതാക്കള്‍ അവര്‍ക്ക് പ്രോത്സാഹനം നല്‍കുകയും കുറ്റബോധത്തെ മുന്നോട്ട് കുതിക്കാനുള്ള ആത്മവിശ്വാസമായി മാറ്റിയെടുക്കുകയുമാണ് വേണ്ടത്. രക്ഷിതാക്കളും മക്കളും തുറന്ന് സംസാരിക്കുകയും ആശയങ്ങള്‍ കൈമാറുകയും ചെയ്യുന്ന സൗഹാര്‍ദപൂര്‍ണമായ ഒരു ഗൃഹാന്തരീക്ഷമുണ്ടെങ്കിലാണ് കുട്ടികളില്‍ ക്രിയാത്മകമായ മാറ്റമുണ്ടാക്കാന്‍ കഴിയുക. പിടിവാശിക്കാരനായ ഒരു പിതാവിനെക്കുറിച്ച് നാമിവിടെ പറഞ്ഞല്ലോ. അത്തരക്കാര്‍ അവരുടെ തെറ്റുകള്‍ തിരുത്തുക. കുട്ടികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന രീതിയില്‍ മാത്രം ഇടപെടുക. അപ്പോഴേ അത് കഴിവുകളെ പോഷിപ്പിക്കുന്ന ശിക്ഷണമാവൂ.
(പ്രശസ്ത ഫാമിലി കൗണ്‍സലറാണ് ഈജിപ്തുകാരനായ ലേഖകന്‍)

 

 
© Prabodhanam weekly, Kerala